2009, ജനുവരി 28, ബുധനാഴ്‌ച

ചില വയ്യാവേലികള്‍

പ്രണയത്തെയും, പ്രണയിക്കുന്നവരെയും എനിക്ക് ഇഷ്ടമാണ്. പക്ഷേ അങ്ങനെ ഉള്ളവരുടെ കൂടെ നടന്നപ്പോഴൊക്കെ എനിക്ക് 'പണി ' കിട്ടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ, അവരെ ഇത്തിരി ദൂരെ നിന്നു ഇഷ്ടപ്പെടുന്നതയിരിക്കും നല്ലത്. എല്‍ പി സ്കൂളില്‍ പഠിയ്ക്കുന്ന കാലത്തായിരുന്നു ആദ്യത്തെ അനുഭവം.

ഒരു “പ്രേമലേഖന വിവാദം“.

നാലാം ക്ലാസ്സില്‍ പഠിക്കുമ്പോളായിരുന്നു സംഭവം. എപ്പോഴും നമുക്കെല്ലാം ചില ഗ്യാങുകള്‍ ഉണ്ടാകുമല്ലോ? എന്റെ കൂട്ടുകാരന്‍ പ്രശാന്തിന് തൊട്ടടുത്ത ബെഞ്ചില്‍ ഇരിക്കുന്ന കുട്ടിയോട് കലശലായ അനുരാഗം ഉണ്ടായി. അതുപോലെ മറ്റൊരു ഗ്യാങ്ങില്‍പെട്ട, അവിടുത്തെ ഒരു ടീച്ചറിന്റെ മകനും കൂടിയായ ശരത്തിനും ഇതേ കുട്ടിയോട് ഇതേ രോഗം.

ഒടുവില്‍ പ്രശാന്തിന്റെ പ്രശ്നത്തിനുള്ള പരിഹാരമായി ഞങ്ങള്‍ കണ്ടെത്തിയതു ഒരു പ്രേമലേഖനം നല്‍കുക എന്നതായിരുന്നു. അതും മറ്റവന്‍ നല്‍കുന്നതിനു മുന്‍പ് നല്‍കണം.

അങനെ ഞങളുടെ നിര്‍ബന്ധത്തിനു വഴങ്ങി അവന്‍ ഒരു പ്രേമലേഖനം എഴുതി. നല്ല വ്യാകരണവും അക്ഷര തെറ്റില്ലായ്മയും കൊണ്ടു ധന്യമായിരുന്നു ആ "മുതല്‍ കടിതം". ഇങനൊക്കെയല്ലേ ഭാഷാവികാസം സംഭവിക്കുന്നതു.

"നീ അവിടെ വാരുമോ ..? ഞാന്‍ അവിടെ വാരാം ... “എന്നിങനെ അതു തുടര്‍ന്നു പോയി.

അവസാനം എഴുതി ചേര്‍ത്തിരുന്ന ഇംഗ്ലീഷ് വാക്കുക്കള്‍ എനിക്ക് മനസിലായില്ല (അ ആ ഇ ഈ... പോലും നന്നായി അറിയില്ല, പിന്നെയാണ് ഇംഗ്ലീഷ് വായിക്കുന്നത്). ഞാന്‍ അന്തം വിട്ടു പോയി. "ഇവന്‍ ആള് കൊള്ളാമല്ലോ", സമയം കിട്ടുമ്പോള്‍ ഇവനോട് ചോദിച്ചു ഇതുപോലെ രണ്ടുമൂന്നെണ്ണം പഠിക്കണം. എന്നാലും ഇതു എന്താണെന്നു ചോദിച്ചു കളയാം.

"ഡേയ് എന്തുവാടെ ഈ എഴുതി വച്ചേക്കുന്നത് ".

"ഹും ..."

അവന്‍ എന്നെ പുശ്ചത്തോട് കൂടി നോക്കി. എന്തിനെന്നറിയാതെ കൂടെ ഉള്ളവരും.

"ഇതൊക്കെ അറിയാതെ നീ എങ്ങനെ ജീവിക്കും ..അഥവാ ജീവിച്ചാല്‍ എന്ത് ഗുണം ?"എന്ന ഭാവം ആയിരുന്നു അവരുടെ മുഖത്ത്.

പിന്നെ പുശ്ചത്തോടെ തന്നെ, ഇന്നാ വേണമെങ്കില്‍ പഠിച്ചോ എന്ന ഭാവത്തോടെ അവന്‍ പറഞ്ഞു...

"ഡേയ്, ഇതാണ് 'ഐ ലവ്യു '

""ഓ ലങ്ങനെ !!!!.."‘’ എനിക്ക് കാര്യം കത്തി.

"ദൈവമേ, ലവള്‍ക്ക് ഇതു മനസ്സിലായാല്‍ മതിയാരുന്നു ..." കൂടെയുണ്ടായിരുന്ന മനു ദൈവത്തെ വിളിച്ചു.

അങ്ങനെ ടീച്ചര്‍ വരാത്ത ആ അവസാന പിരീഡില്‍ പ്രേമലേഖനം പ്രസാധന യോഗ്യമായി. നാളെ കൊടുക്കാം എന്ന് തീരുമാനിച്ചു ഞങ്ങള്‍ പിരിഞ്ഞു.

വൈകിട്ട് വീട്ടിലേക്കുള്ള യാത്രയില്‍, പ്രശാന്ത് വാങ്ങിത്തന്ന കടല മിട്ടായിയുടെ ഒരു ചെറിയ കഷ്ണം പല്ലിനിടയില്‍ നിന്നും നാക്കുകൊണ്ടു തോണ്ടിയെടുത്തു വീണ്ടും ചവച്ചു കൊണ്ടു,, നാളെ പ്രശാന്തിനുണ്ടാകാന്‍ പോകുന്ന വിജയത്തെ പറ്റിയും അതിന്റെ ഫലമായി കിട്ടാന്‍ പോകുന്ന എണ്ണമറ്റ കടല മിട്ടായികളുടെയും നെല്ലിക്ക വെള്ളത്തിന്റെയും സ്മരണകള്‍ എന്നില്‍ കോരിത്തരിപ്പ് ഉണ്ടാക്കി.

പിറ്റേ ദിവസം

അസംബ്ലി തീരുന്നതിനു മുന്‍പ്, ചന്ദ്രന്‍ സാര്‍ രണ്ടു വെള്ള കടലാസുമായി വന്നു.

പ്രശാന്ത് 4 A ....സാര്‍ വിളിച്ചു.

എനിക്ക് സംഗതി പിടികിട്ടിയില്ല. പക്ഷെ മനുവിനും പ്രശാന്തിനും പെട്ടന്നുതന്നെ കാര്യം മനസ്സിലായിയെന്നു അവരുടെ ഞെട്ടലില്‍ നിന്നും എനിക്കു മനസ്സിലായി.

"എന്തുവാടെ ..?" -ഞാന്‍ പതുക്കെ ചോദിച്ചു.

"അളിയാ അത് പൊക്കി ..."

" ഏത് ..?"

" എഴുത്ത്"

"എപ്പഴാ കൊടുത്തെ ...?"

" രാവിലെ ..."

എന്റെ ശരീരം വിറക്കാന്‍ തുടങ്ങി.

ഒരു എഴുത്തല്ലേ എഴുതിയുള്ളൂ, പിന്നെങനെ സാറിന്റെ കയ്യില്‍ രണ്ടു കടലാസ്സ്‌ ? ഞാന്‍ ചോദ്യ ഭാവത്തില്‍ മനുവിനെ നോക്കി.

അവന്‍ നിര്‍വികാരനായി, മരണം അടുത്തവനെ പോലെ നിന്നു.

"അവന്റെ ഒരു ഐ ലവ്യു ...." സാറിന്റെ അലര്‍ച്ചയും ഒപ്പം അതിനെക്കാള്‍ ഉച്ചത്തില്‍ മാലപ്പടക്കം പൊട്ടും പോലെ ശബ്ദങ്ങളും.

അടിയുടെ വേദന കാരണം മുഖം വക്രിച്ചു പിടിച്ചു കൊണ്ടു അവന്‍ ഞങ്ങളെ നോക്കി.

"അളിയാ ചതിക്കല്ല്..." - ഞങ്ങള്‍ അപേക്ഷ ഭാവത്തില്‍ അതിനേക്കാള്‍ ദയനീയമായി അവനെയും നോക്കി.

പ്രശാന്ത് ഞങ്ങളെ ചതിക്കാഞ്ഞത് കൊണ്ടു ഞങ്ങള്‍ അന്ന് അടിയില്‍ നിന്നു രക്ഷപെട്ടു. പിന്നീടാണ് രണ്ടാമത്തെ കടലാസിന്റെ കാര്യം പുറത്തു വന്നത്, രണ്ടാമത്തെ കത്ത് ടീച്ചറിന്റെ മകന്‍ ശരത്തിന്റെ സംഭാവനയായിരുന്നു. ടീച്ചറിന്റെ മകന്‍ ആയതു കൊണ്ടാവണം, അവന്റെ പ്രശ്നം ഒരു വിരട്ടില്‍ ഒതുങ്ങി.

അന്ന് വൈകിട്ട് വീട്ടിലേക്കുള്ള വഴിയില്‍ അടര്‍ന്നു വീണു കിടന്ന ഒരു കണ്ണി മാങ്ങ ചാടി വീണു എടുത്തിട്ടു തിരിഞ്ഞുനിന്നു മനു എന്നോട് ചോദിച്ചു.

"നിനക്കറിയാവോ?

"ഊം, എന്തു?" - ഒന്നും മനസ്സിലാവാതെ ഞാന്‍ അവനെ നോക്കി.

ഡാ, ഈ ഐ ലവ്യുന്നു പറയുന്നതെ.... “ഒരു ചീത്തയാടാ..."

"ഉം, ആണെന്ന് തോന്നുന്നു“ -ഞാനും അവനെ ശരി വച്ചു.

8 അഭിപ്രായ(ങ്ങള്‍):

Irshad പറഞ്ഞു...

കഥ കൊള്ളാം, ഇഷ്ടപ്പെട്ടു,

പക്ഷേ ഒരു വായനാസുഖം കിട്ടുന്നില്ല. ഇങനെ ഒറ്റ ഖണ്ഡികയില്‍ എല്ലാം പറഞു തീര്‍ക്കണമെന്നില്ല. ചോദ്യങളും അതിന്റെ മറുപടികളും പിന്നെ നമ്മുടെ വിചാരങളും വേര്‍തിരിച്ചു എഴുതിയാല്‍ കുറച്ചുകൂടി നന്നാവും എന്നു തോന്നുന്നു.

പിന്നെ കുത്തുകള്‍ (....) ഇത്തിരി കൂടിപ്പോയില്ലേ?

വായിച്ചു തുടങിയപ്പോള്‍ പ്രതീക്ഷിക്കുന്നതു നിന്റെ തരികിടകള്‍ ആണ്. അങനെയാണ് എഴുതി തുടങിയിരിക്കുന്നതു. പക്ഷെ ഒടുവിലെത്തുമ്പോള്‍ ആദ്യഭാഗത്തിന്റെ പ്രസക്തി നഷ്ടമാകുന്നില്ലെ?

എഡിറ്റ് ചെയ്തു ഒന്നുകൂടി പോസ്റ്റിഷ്ടാ..., വളരെ നന്നാവും.

അമതന്‍ പറഞ്ഞു...

നന്ദി.....കുറവുകള്‍ ചൂണ്ടിക്കാണിച്ചതിനു....നല്ല നിര്‍ദേശങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു ...
എഡിറ്റ് ചെയ്യുന്നതിന് താങ്കളുടെ ഉപദേശങ്ങള്‍ ആവശ്യമായുണ്ട് ....സഹകരിക്കുമല്ലോ ...?

അമതന്‍ പറഞ്ഞു...

പോസ്റ്റ് നന്നാക്കാന്‍ സഹായിച്ചതിന് നന്ദി

രമേഷ് പറഞ്ഞു...

"ഇതൊക്കെ അറിയാതെ നീ എങ്ങനെ ജീവിക്കും ..അഥവാ ജീവിച്ചാല്‍ എന്ത് ഗുണം ?"

:)

ചെലക്കാണ്ട് പോടാ പറഞ്ഞു...

മുട്ടേന്ന് വിരിഞ്ഞില്ല അപ്പോളെക്കും

"അവന്റെ ഒരു ഐ ലവ്യു ...."

ആ പരീക്ഷ നീ പാസ്സായില്ലെങ്കിലും അവിടുന്നങ്ങോട്ട് ഒട്ടനവധി പ്രേമലേഖന പരീക്ഷകള് നീ പാസ്സായല്ലോ.. അത് മതി...

Mr. സംഭവം (ചുള്ളൻ) പറഞ്ഞു...

ഡേയ് അപ്പൊ ഇതു ഇപ്പളൊന്നും തുടങ്ങിയതല്ലല്ലേ ? പണ്ടു തൊട്ടേ ഇതന്നെ പരിപാടി ..

സംഭവം കൊള്ളാം .. ഇനിയും എഴുതണം അളിയാ... അഭിനന്ദനങ്ങള്‍ ..

സവാരി ഗിരി ഗിരി ..

priyag പറഞ്ഞു...

sharikkum cheeththayano?

അമതന്‍ പറഞ്ഞു...

ആണെന്ന് തോന്നുന്നു....അല്ലേ .....?